പത്തനംതിട്ട: ബിജെപി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന ആരാധന സ്ഥലത്ത് കടന്നു കയറി അതിക്രമം നടത്തുകയും അലങ്കോലമാക്കുയും ചെയ്ത നടപടിയിൽ അക്രമികളായ ബിജെപി പ്രവർത്തകരുടെ പേരിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാജ്യത്തെ നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുവാൻ വ്യവസ്ഥാപിത മാർഗങ്ങൾ നിലനിൽക്കുമ്പോൾ ഉത്തരേന്ത്യൻ മാതൃകയിൽ വിശ്വാസികൾക്കെതിരായി നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഇത്തരം നടപടികൾക്കെതിരേ കോൺഗ്രസ് പാർട്ടി ശക്തമായ നിലപാടുകളും പ്രതിരോധവും സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.